ആലപ്പുഴ: ഒഡിഷയിൽനിന്ന് കാറിൽ കടത്തിയ 15 കിലോ കഞ്ചാവുമായി ആറംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ പള്ളാത്ത് തുണ്ടിയിൽ സുജിത്ത് (29), മംഗലം ഉമ്മറത്തറ സഞ്ജു എന്നു വിളിക്കുന്ന സംഗീത് (29), വാഴാർമംഗലം ചെമ്പകശ്ശേരിയിൽ കീരി എന്ന് വിളിക്കുന്ന കിരൺ (24), പത്തനംതിട്ട കിടങ്ങന്നൂർ തൊണ്ടയിൽ മൂടയിൽ അമൽ രഘു (28), മംഗലം കല്ലുഴത്തിൽ സന്ദീപ് (26), മംഗലം തുണ്ടിയിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുകാറുകളിലായിട്ടാണ് സംഘം സഞ്ചരിച്ചത്. കിരണും സംഗീതും ഒട്ടേറെ ക്രിമനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ജില്ലാ ലഹരിവിരുദ്ധസ്‌ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്നുനടത്തിയ നീക്കത്തിലാണ് സംഘം അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പേരിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു താഴെവച്ചാണ് സംഘത്തെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച് കാറും പൊലീസ് പിടിച്ചെടുത്തു.

5,000 രൂപയ്ക്ക് ഒഡീഷയിൽനിന്നു വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് മൂന്ന് ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപയ്ക്കാണ് വിറ്റിരുന്നത്. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി. ബി. പങ്കജാക്ഷൻ, ചെങ്ങന്നൂർ ഡിവൈ.എസ്‌പി. കെ.എൻ. രാജേഷ്, എസ്.എച്ച്.ഒ. ദേവരാജൻ, എസ്‌ഐ.മാരായ വിനോജ്, അസീസ്, രാജീവ്, എഎസ്ഐ. സെൻകുമാർ, സീനിയർ സി.പി.ഒ.മാരായ ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ, സ്വരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.