കൊച്ചി: കേരളത്തിൽ അവയവക്കച്ചവടം നടക്കുന്നുവെന്ന വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആർപിഐ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ആർ.സി.രാജീവ് ദാസ്. നിയമങ്ങൾ കർശനമായിട്ടും വ്യാപകമായി അവയവക്കച്ചവടം കേരളത്തിൽ നടക്കുന്നുണ്ട്. കൊച്ചിയിലെ ആശുപത്രിക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലിൽ അധികാരികൾ കണ്ണടക്കുകയാണെന്നും ആർ.സി രാജീവ്ദാസ് പറഞ്ഞു.

കേരളത്തിൽ അവയവക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിന് കൂട്ടു നിൽക്കുന്ന ഏജന്റുമാരേയും ആശുപത്രികളേയും നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും സമഗ്രമായ അന്വേഷണം നടത്തണം. ഏജന്റിനെതിരെയാണ് ലേക് ഷോറിലെ ജീവനക്കാരി പരാതി നൽകിയത്. എന്നാൽ, പിന്നീട് യുവതിക്ക് നിരന്തരമായി ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന യുവതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദിനംപ്രതി അവയവക്കച്ചവടം കൂടുന്നതല്ലാതെ ഇത് തടയാനാകുന്നില്ല. കോടികൾ കൈമറിയുന്ന വലിയൊരു മാഫിയ ബിസിനസ്സാണിത്. അതു മാത്രവുമല്ല ലക്ഷങ്ങൾ കയ്യിൽ കിട്ടുമ്പോൾ ഏജന്റുമാർ വഴി അവയവങ്ങൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് തയ്യാറാകുന്നവരുടെ എണ്ണം കൂടി വരികയാണ്. അവയവങ്ങൾ നൽകിയാൽ കിട്ടുന്നത് 40 ലക്ഷം മുതൽ 50 വരെയാണ്. എന്നാൽ ദാതാവിന് വെറും 9 ലക്ഷം മാത്രം നൽകി ഏജന്റുമാർ വൻതോതിൽ വേട്ട നടത്തുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഏജന്റുമാർ ഇടപ്പെട്ട് പൈസക്ക് ആവശ്യമുള്ള ആളുകളെ തിരഞ്ഞെടുത്ത് അവയവങ്ങൾ വിൽക്കാൻ നിർബന്ധിക്കുകയാണ്. അവയവദാനത്തിന് കൃത്യമായ നിയമങ്ങളുണ്ട്.

കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കെതിരെയും ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അവയവ മാഫിയകൾ കേരളത്തിൽ വിലസുകയാണെന്നും ആർ.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. അത് കൂടാതെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെയും വിശദമായി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന്റെ പിന്നിലുള്ള ഉദ്ദേശങ്ങൾ വിശദമായി അന്വേഷിക്കണം. സമഗ്രമായ അന്വേഷണത്തിനായി കേന്ദ്രത്തിന് നിവേദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.