ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ ആക്രമണം. ആനയുടെ പരാക്രമം കണ്ട് യാത്രക്കാർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്.

വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ നിലയുറപ്പിച്ചു. രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ആന പാഞ്ഞടുത്തെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടിരക്ഷപ്പെട്ടു. നേരത്തെ മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക് നേരെ പരാക്രമം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയിൽ ഇറങ്ങിയിരുന്നെങ്കിലും കാട്ടുകൊമ്പൻ ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.