തിരുവനന്തപുരം: ആഗോള സോഫ്റ്റ്‌വെയർ പ്രൊഡക്ട് എൻജിനീയറിങ് സേവന ദാതാക്കളായ ട്രെൻസർ ഏഴാം വാർഷികത്തിന്റെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വികസിപ്പിക്കുന്നു. നിർമ്മിത ബുദ്ധി, ഡേറ്റാ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ അടുത്ത ഒരുവർഷംകൊണ്ട് 200 തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കുകയാണ് ട്രെൻസറിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ടെക്നോപാർക് തേജസ്വിനി ബിൽഡിംഗിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നു.

നിലവിൽ നാനൂറിലേറെപ്പേർ ട്രെൻസറിൽ ജോലി ചെയ്യുന്നുണ്ടെന്നും പുതുതായി കൂടുതലാളുകളെ ഉൾക്കൊള്ളാൻ സാധിക്കും വിധമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതെന്നും ചെയർമാൻ പ്രദീപ് കുമാർ പറഞ്ഞു. ടെക്നോപാർക്ക് ഒന്നാം ഘട്ടത്തിൽ 50,000 ചതുരശ്ര അടിയിലേറെ സ്ഥലമാണ് ട്രെൻസർ ഉപയോഗിക്കുന്നത്.

ആഗോളതലത്തിൽ തങ്ങൾക്കുള്ള 500ൽപരം ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സാങ്കേതിക മേഖലയിലും മാനേജ്മെന്റ് മേഖലയിലുമായി വരും മാസങ്ങളിൽ 200 പുതിയ തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് ട്രെൻസർ സിഇഒ ജയചന്ദ്രൻ നായർ പറഞ്ഞു. ആരോഗ്യപരിരക്ഷ, വ്യവസായം, റീട്ടെയിൽ, കസ്റ്റമർ ആൻഡ് മീഡിയ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ ഇപ്പോഴത്തെ വികസനത്തിലൂടെ സാധിക്കുമെന്ന് സിടിഒ അനിൽ ചന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഐടി ആവാസവ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടത്തിന്റെ ഉദാഹരണമാണ് ട്രെൻസറിന്റെ വളർച്ചയെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. നിർമ്മിതബുദ്ധിയും അനലറ്റിക്സും ഡേറ്റ എൻജിനീയറിംഗുംപോലുള്ള ആധുനിക സാങ്കേതികവിദ്യകളിൽ ശ്രദ്ധിക്കുന്നതിലൂടെ ഇന്നൊവേഷൻ രംഗത്ത് മുൻനിരയിലെത്താൻ ട്രെൻസറിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതിക മുന്നേറ്റത്തിന്റെ കേന്ദ്രമായ ടെക്നോപാർക്കിൽനിന്നുള്ള സേവനമേഖലയുടെ വളർച്ചയുടെകൂടി ഉദാഹരണമാണ് ട്രെൻസറിന്റെ വികസിപ്പിക്കലെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സജീവ് നായർ പറഞ്ഞു. തിരുവനന്തപുരത്തെ സെന്ററിന്റെ വികസനത്തിനൊപ്പം ജപ്പാനിലും കാനഡയിലും ട്രെൻസറിന് ഓഫീസുകളുണ്ട്. ജപ്പാൻ വിപണിയിലെ മികച്ച പ്രകടനത്തിലൂടെ മറ്റ് രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ ട്രെൻസറിന് സാധിച്ചിട്ടുണ്ട്.