പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും വിധിച്ച് കോടതി. കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നൽകിയ പെൺകുട്ടിയുടെ അമ്മയ്ക്ക് മൂന്നുവർഷം തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജ് രാമുരമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകണം. വിവിധ വകുപ്പുകളിലെ ശിക്ഷപ്രകാരം 40 വർഷം പ്രതി കഠിനതടവ് അനുഭവിക്കേണ്ടി വരും. ഒമ്പതുവയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽവെച്ച് അമ്മയുടെ അറിവോടെ 45 വയസ്സുകാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. തൃശ്ശൂർജില്ലയിലെ പെരുമ്പിലാവ് എസ്റ്റേറ്റ്പടി സ്വദേശിയാണ് പ്രതി.

ചാലിശ്ശേരി സർക്കിൾ ഇൻസ്പെക്ടർ സതീഷ്‌കുമാർ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 17 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശ്രയ ഭവനിലാണ് നിലവിൽ അതിജീവിത.