ചങ്ങനാശ്ശേരി: ഞായറാഴ്ച ചങ്ങനാശ്ശേരിയിൽവെച്ച് മാതാപിതാക്കൾക്കൊപ്പം നടന്നു പോയ പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനമ്മമാർക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയും എല്ലാവർക്കും നേരെ തടയാൻ ശ്രമിച്ചവർക്ക് നേരെ കുരുമുളക് സ്േ്രപ അടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

കുറിച്ചി സചിവോത്തമപുരം കുഞ്ഞൻകവല ഭാഗത്ത് ചാലുമാട്ടുതറ അരുൺ ദാസ് (25), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ നടുതലമുറി പറമ്പിൽ ബിലാൽ മജീദ് (24), ഫാത്തിമപുരം കപ്പിത്താൻപടി തോട്ടുപറമ്പിൽ അഫ്‌സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രി ഒന്പതുമണിയോടെ, ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിന് മുൻവശം റോഡിൽവച്ചാണ് അതിക്രമം നടന്നത്. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് അച്ഛനമ്മമാർക്കൊപ്പം പോയ പെൺകുട്ടിയെ ആദ്യം അരുൺദാസ് കടന്നുപിടിച്ചു. ഇത് ചോദ്യംചെയ്ത അച്ഛൻ, അമ്മ, വ്യാപാരികൾ എന്നിവർക്കുനേരെ, പിന്നാലെ വന്ന ബിലാൽ, അഫ്‌സൽ എന്നിവർ കുരുമുളക് സ്േപ്ര അടിച്ചു.

മൂന്ന് പ്രതികളും നേരത്തേയും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ. ബി.വിനോദ് കുമാർ, എസ്‌ഐ.മാരായ എം. ജയകൃഷ്ണൻ, പി.എം. അജി, എം.കെ. അനിൽകുമാർ, കെ.എൻ. നൗഷാദ് തുടങ്ങിയവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.