കട്ടപ്പന: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. ദേഹത്ത് കൂടി കാർ കയറി ഇറങ്ങിയതിനെ തുടർന്ന് കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിന് (27) ഗുരുതരമായി പരിക്കേറ്റു. ക്രിസ്റ്റോയുടെ ഒൻപത് വാരിയെല്ലുകൾ പൊട്ടി. ശ്വാസകോശത്തിനും ക്ഷതമുണ്ട്. ഇടശേരി ജങ്ഷനിൽ ഞായറാഴ്ച രാത്രി 11-നാണ് സംഭവം.

ക്രിസ്റ്റോ മാത്യുവും ഇടശേരി ജങ്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായാണ് പാർക്കിങിനെ ചൊല്ലി തർക്കമുണ്ടായത്. ഇതിനു ശേഷം ക്രിസ്റ്റോ ബൈക്കിൽ കയറി സെൻട്രൽ ജങ്ഷനിലേക്ക് പോയി. പിന്നാലെ കാറിലെത്തിയ സംഘം, ക്രിസ്റ്റോയെ ഇടിച്ചുവീഴ്‌ത്തി. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി കാർ കയറ്റുകയായിരുന്നു.

നാട്ടുകാരും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവും ചേർന്ന് ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ലബ്ബക്കട സ്വദേശിയായ ജസ്റ്റിനെതിരേ കൊലപാതകശ്രമത്തിന് കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.