കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിൻകരക്കണ്ടി വീട്ടിൽ സുനിയുടെ മകൻ കെകെ അമർനാഥ് ആണ് മരിച്ചത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന അദ്നാൻ ബസാണ് ബൈക്കിലിടിച്ച് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്തോടെ വെസ്റ്റ്ഹില്ലിൽ വച്ചാണ് അപകടമുണ്ടായത്. അമർനാഥും സുഹൃത്ത് അഭിനവും അച്ഛന്റെ ബൈക്കിൽ പുതിയങ്ങാടിയിൽ നിന്നും തിരിച്ചുവരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമർനാഥിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായും അപകടകരമാം വിധത്തിലും എത്തിയ ബസ്സാണ് വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.