മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പ്രതിഷേധം.

ലീഗിനെ കൂടാതെ എംഎസ്എഫ് അടക്കമുള്ള മറ്റ് പോഷക സംഘനകകളും സമരത്തിൽ പങ്കെടുത്തു. മലപ്പുറത്ത് പ്രതിഷേധം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇനി സീറ്റുകൾ കൂട്ടില്ലെന്ന് കഴിഞ്ഞദിവസം വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇതോടെയാണ് പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.