വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ അച്ഛനെയും നാല് വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മണ്ണംതുരുത്തിൽ സിപി കലുങ്കിനു സമീപം ഇന്നു പുലർച്ചെയാണ് സംഭവം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫ് ( 45),മകനായ ഷിഫാഫ് (നാല്) എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ജീവനൊടുക്കിയതായാണ് സൂചന. പൊലീസ് വിശദ അന്വേഷണം തുടങ്ങും.

പുലർച്ചെ ഷെരീഫിന്റെ ഭാര്യ അയൽവാസിയുടെ ഫോണിൽ വിളിച്ച് ഷെരീഫ് താമസിക്കുന്ന വീട്ടിൽ എത്താൻ ആവശ്യപ്പെടുകയും തുടർന്ന് ഭാര്യയും മറ്റൊരാളും ചേർന്ന് സംഭവസ്ഥലത്ത് എത്തുകയും ഷെരീഫിനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുമായിട്ടുള്ള വാക്ക് തർക്കമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. മരണവിവരം അറിയിച്ചതിനെത്തുടർന്നു വരാപ്പുഴ പൊലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്. ഈ കുടുംബം മണ്ണംതുരുത്ത് സിപി കലുങ്കിനടുത്ത് വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഒരുമാസമേ ആയിട്ടുള്ളു.

വരാപ്പുഴ പൊലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.