കോഴിക്കോട്: മലബാറിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ സർക്കാരിനെ ജനങ്ങൾ താഴെയിറക്കുമെന്നു മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും.

വിഷയത്തിൽ അടിയന്തര ഇടപെടൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ലീഗ് തീരുമാനം. അധിക ബാച്ചുകൾക്ക് പകരം മാർജിനിൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

അധിക ബാച്ചുകൾ അനുവദിച്ച് ശാശ്വതമായ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി നിലവിലെ ക്ലാസുകളിൽ കൂടുതൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനമാണ് സർക്കാർ ചെയ്യുന്നത്. തെറ്റായ നയങ്ങൾ തിരുത്താൻ സർക്കാർ തയാറായിട്ടില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങൾക്ക് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ.മുനീർ എംഎൽഎ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എന്നിവർ പ്രസംഗിച്ചു.

പാലക്കാട് കലക്ട്രേറ്റിലേക്ക് നടന്ന മാർച്ച് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. നിയമസഭ സമ്മേളനം തുടങ്ങിയാൽ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്.