നെടുമ്പാശ്ശേരി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. യുവതി ബൈക്കിൽ കയറി പോകാൻ ശ്രമിക്കവെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഘത്തെയും സംഘം സഞ്ചരിച്ചിരുന്ന കാറും കണ്ടെത്തുന്നതിനായി വിമാനത്താവള പരിസരത്തെയും കാർ പാർക്കിങ് ഏരിയയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് നെടുമ്പാശ്ശേരി സ്റ്റേഷൻ ഓഫീസർ അറിയിച്ചു. യുവതി സഞ്ചരിച്ച പ്രീ-പെയ്ഡ് ടാക്‌സി കാറിലെ ഡ്രൈവറുടെ മൊഴിയുമെടുക്കും.

ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവം അരങ്ങേറിയത്. എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നുമെത്തിയ കോട്ടയം സ്വദേശിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിക്കായി പുറത്ത് കാത്തു നിന്ന യുവാവിന്റെ ബൈക്കിൽ കയറി പോകാൻ ശ്രമിക്കവെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തുടർന്ന് ടാക്‌സി വിളിച്ച് വിമാനത്താവളത്തിന് പുറത്തു കടന്നെങ്കിലും ഭയന്നു പോയ യുവതി തിരികെ എത്തി കസ്റ്റംസിൽ കീഴടങ്ങുക ആയിരുന്നു.

തന്നെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ യുവതി മൊഴിമാറ്റി. തന്നെ ആരും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും താൻ സഞ്ചരിച്ചിരുന്ന കാറിലെ ഡ്രൈവർ, ആരോ തങ്ങളെ പിൻതുടരുന്നുണ്ടെന്ന് പറയുകയായിരുന്നുവെന്നുമാണ് യുവതി സ്റ്റേഷനിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുകടന്ന യുവതി പിന്നീട് എന്തിനാണ് തിരികെയെത്തി കസ്റ്റംസിന് കീഴടങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. യുവതിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനാൽ വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ വിട്ടയച്ചു.

അതേസമയം സ്വർണക്കടത്ത് സംഘത്തെ ഭയന്നാണ് യുവതി മൊഴി മാറ്റിപ്പറയുന്നതെന്നാണ് പൊലീസ് നിഗമനം. യുവതിയെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ഇരുചക്രവാഹനത്തിലെത്തിയ മലപ്പുറം സ്വദേശിയെയും പൊലീസ് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച രാവിലെ വിമാനമിറങ്ങി ടെർമിനലിന് പുറത്തെത്തിയ യുവതിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറ് വിളിച്ച് അങ്കമാലിവരെ പോയ യുവതി പിന്നീട് തിരിച്ച് വിമാനത്താവളത്തിലെത്തി ടെർമിനൽ മാനേജരുടെ കാബിനിൽ അഭയം പ്രാപിക്കുകയായിരുന്നു. കസ്റ്റംസ് ഇവർ ധരിച്ചിരുന്ന സോക്‌സിനുള്ളിൽനിന്നും 19.42 ലക്ഷം രൂപ വിലവരുന്ന 261 ഗ്രാം സ്വർണം കണ്ടെത്തുകയായിരുന്നു.