കൊച്ചി: കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ നേപ്പാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിലെ മറ്റുയാത്രക്കാർ ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

പനങ്ങാട്-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. ആലുവയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നഗരത്തിൽവച്ചാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. ഉടൻതന്നെ ബസ്സിലെ മറ്റുയാത്രക്കാർ ചേർന്ന് നേപ്പാൾ സ്വദേശിയെ പിടികൂടുകയും എറണാകുളം നോർത്ത് പൊലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം, സംഭവത്തിൽ പെൺകുട്ടി ഇതുവരെയും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി നൽകിയാൽ പ്രതിക്കെതിരേ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.