കൊല്ലം: ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി ഇരുചക്ര വാഹനത്തിൽ മാലമോഷണം പതിവാക്കിയ സംഘം പിടിയിൽ. ആദിച്ചനല്ലൂർ കുതിരപ്പന്തിയിൽ വീട്ടിൽ ജയചന്ദ്രൻ പിള്ള മകൻ ഗോകുൽ(29), കാരേറ്റ് കല്ലറ പള്ളിമുക്കിൽ ചരുവിള വീട്ടിൽ ഫാറൂഖ് മകൻ റഹീം(39) കൊല്ലം പുള്ളിക്കട പുതുവൽ പുരയിടത്തിൽ രതീഷിന്റെ ഭാര്യ സുമലക്ഷ്മി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മെയ് 22 തീയതി വൈകിട്ട് 5.30 മണിക്ക് ആശ്രാമം എ കെ വൈ ഓഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കവർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

ഒന്നും രണ്ടും പ്രതികൾ മോഷണം നടത്തിയ സ്വർണ്ണ മാല സുമലക്ഷ്മിയാണ് സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നത്. സമാന രീതിയിൽ ചാത്തന്നൂരിലും, പരിപ്പള്ളിയിലും മാല മോഷണം നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ കുണ്ടറ, ചാടയമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയതിന്റെ അന്വേഷണം നടന്നുവരുകയാണ്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മോൽനോട്ടത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊല്ലം ഇസ്റ്റ് പൊലീസും ചേർന്നാണ് രണ്ടു മൂന്നും പ്രതികളെ പിടികൂടിയത്. ഗോകുലും റഹീമും മുമ്പും മോഷണകേസുകളിൽ പൊലീസ് പിടിയിലായിട്ടുണ്ട്, ജയിൽ വാസക്കാലത്ത് പരിചയത്തിലായ ഇരുവരും ജയിൽവാസത്തിന് ശേഷം ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു.

കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ഹരിലാൽ, എസ്‌ഐ മാരായ ദിൽജിത്ത്, ഡിപിൻ, ആശാചന്ദ്രൻ സിപിഒ മാരയ അനു, ഷെഫീക്ക്, ഷൈജു, അജയകുമാർ, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.