കണ്ണൂർ: ആന്തൂർ അഞ്ചാം പീടികയിൽ വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയി തിരിച്ചെത്തുന്നതിനിടെയിൽ വീടുകുത്തി തുറന്ന് പത്തരപവന്റെ സ്വർണം കവർന്ന മോഷ്ടാക്കളെ പൊലിസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസിന്റെ പിടിയിലായ പ്രതികളാണ് അഞ്ചാംപീടികയിൽ നടന്ന മോഷണ സംഭവത്തിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച വിവരം.

കുഞ്ഞിപ്പള്ളി കെ.വി ഹൗസിലെ കെ.നിയാസുദ്ദീനെന്ന മസിൽ നിയാസ്(40) ചാലക്കുന്ന് ജസി നിവാസൽ കെ. അജേഷെന്ന കുറുക്കൻ അജേഷ്(33) എന്നിവരാണ് കവർച്ച നടത്തിയതെന്നാണ് തെളിഞ്ഞത്. ധർമശാല- അഞ്ചാം പീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് മുൻപിലെ കുന്നിൽ ശശിധരന്റെ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വർണാഭരണങ്ങളും പണം കവർന്നിരുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെ എട്ടുമണിയോടെ ശശിധരനും ഭാര്യ പ്രീതയും മകൻ അമലും മകൾ അമൃതയും വീടുപൂട്ടി മൂകാംബിക ക്ഷേത്രദർശനത്തിന് പോയതായിരുന്നു. ഞായറാഴ്‌ച്ച രാത്രിയോടെയാണ് ഇവർ മടങ്ങിയെത്തിയത്. അപ്പോഴാണ് വീട്ടിൽ കവർച്ച നടന്നത് വ്യക്തമായത്. ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവർച്ചക്കാർ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടമായത്.

ശശിധരന്റെ പരാതിയിൽ തളിപറമ്പ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പുറകിൽ കണ്ണൂരിൽ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉച്ചയോടെ കണ്ണൂർ ടൗൺ പൊലിസ് കൊയിലി ആശുപത്രി പരിസരത്തെ കൽപക റസിഡൻസിൽ നടത്തിയ പരിശോധനയിലാണ് നിയാസും അജേഷും പിടിയിലായത്.

വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ നിന്ന് കഴിഞ്ഞ മാർച്ചിലാണ് മസിൽ നിയാസിറങ്ങിയത്. നിരവധി കേസിൽ പ്രതിയാ അജേഷ് ഒൻപതു മാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇവരിൽ നിന്നും രണ്ടു ഇരുചക്രവാഹനങ്ങൾ എട്ടുപവൻ സ്വർണാഭരണങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ മെയ് 21-ന് രാത്രി കീഴുതള്ളിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് കവർന്ന ബുള്ളറ്റും ബേബി മെമോറിയൽ ആശുപത്രി മാനേജർ കോട്ടയം നെല്ലൂർ സ്വദേശി രോഹിൻരാജിന്റെ ബുള്ളറ്റുമാണ് ഇവയെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ സ്വർണാഭരണങ്ങൾ ആരുടെതാണന്ന് ഇവർ വെളിപ്പെടുത്തിയിരുന്നില്ല അതേ സമയം ഇങ്ങനെ രണ്ടു മോഷ്ടാക്കൾ കണ്ണൂരിൽ പിടിയിലായിട്ടുണ്ടെന്നും അറിഞ്ഞ തളിപറമ്പ് ഡി.വൈ. എസ്‌പി പി. പ്രമോദ് ശശിധരന്റെ മകനെ ഉൾപ്പെടെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലേക്ക് അയച്ചു സ്വർണാഭരണങ്ങൾ പരിശോധിപ്പിക്കുകയായിരുന്നു. ഇവർ സ്വർണം തിരിച്ചറിഞ്ഞതോടെ അഞ്ചു പവൻ സ്വർണമാലയും മൂന്ന് പവൻ വളയും മോഷ്ടിച്ചതിന്റെ തുമ്പായി മാറി. ബാക്കി മൂന്ന് പവൻ സ്വർണാഭരണങ്ങൾ കണ്ണൂരിൽ വിൽപന നടത്തിയതായി തെളിഞ്ഞു. ഇതിനിടയിൽ ഇരുവരെയും കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങി കണ്ണൂർ ടൗൺ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു.