തിരുവനന്തപുരം: നെയ്യാറ്റിൻകര ഇരുമ്പിലിൽ ക്ഷീരകർഷകന്റെ അഞ്ച് പശുക്കൾ ചത്തതിന് കാരണം അരളി പൂവോ? തീറ്റയിലൂടെ വിഷബാധയേറ്റതായാണ് സംശയം. പശുക്കൾക്ക് തീറ്റയായി നൽകിയ പുല്ലിൽ അരളിച്ചെടിയും ശംഖുപുഷ്പവുമുണ്ടായിരുന്നെന്ന് വീട്ടുകാർക്ക് സംശയമുണ്ട്.

ചക്കാലക്കൽ വീട്ടിൽ നന്ദിനിയുടെയും മകൻ വിജേഷിന്റെയും അഞ്ച് പശുക്കളാണ് ചത്തത്. സമീപത്തെ പറമ്പിൽ നിന്നും കൊണ്ടുവന്ന പുല്ലാണ് പശുക്കൾക്ക് നൽകിയത്. ഇത് കഴിച്ചശേഷമാണ് പശുക്കൾ ചത്തുവീണത്. രണ്ട് പശുക്കൾക്ക് കൂടി ആരോഗ്യ പ്രശ്‌നമുണ്ട്. വിഷാംശം ഉള്ളിൽ ചെന്നതാണ് പശുക്കൾ ചാകാനിടയാക്കിയതെന്ന് നഗരസഭാ മൃഗാശുപത്രിയിലെ ഡോക്ടർ പറഞ്ഞു. എങ്ങനെയാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ വിശദീകരിച്ചു. ഇതോടെയാണ് അരളിയിൽ സംശയം വരുന്നത്.

നന്ദിനിയുടേയും മകൻ വിജേഷിന്റെയും ഏക വരുമാന മാർഗമാണ് പശു വളർത്തൽ. ഇവർക്ക് 16 പശുക്കളുണ്ട്. തിങ്കളാഴ്ച രാവിലെയാണ് പശുക്കൾക്ക് പുല്ല് തീറ്റയായി നൽകിയത്. വൈകീട്ടോടെ ഒരു പശു ചത്തു. ചൊവ്വാഴ്ച രണ്ട് പശുക്കളും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഓരോ പശു വീതവും ചത്തു. കഴിഞ്ഞ ദിവസം മൃഗാശുപത്രിയിൽ നിന്നും ഡോക്ടറെത്തി മരുന്ന് നൽകിയിരുന്നു.