മൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പനി ബാധിച്ചവർക്ക് കുടിയിൽത്തന്നെ ചികിത്സ നൽകും. പരപ്പയാർ കുടിയിലെ പത്തോളം പേർക്കാണ് പനി ബാധിച്ചത്. രോഗികളെ ചുമന്ന് പെട്ടിമുടിയിൽ എത്തിച്ചശേഷം ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനാണ് നേരത്തെ തീരുമാനിച്ചത്. ഈ തീരുമാനം പിന്നീട് മാറ്റി. ചൊവ്വാഴ്ചതന്നെ ഡോക്ടർമാർ അടങ്ങുന്ന ഒരുസംഘം പരപ്പയാറിൽ എത്തിയിരുന്നു.

ചികിത്സ തുടങ്ങിയതോടെ രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടിരുന്നു. ഇതോടെയാണ് കുടിയിൽത്തന്നെ തുടർചികിത്സ നൽകാൻ തീരുമാനിച്ചത്. ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുടിയിൽ ക്യാമ്പ് ചെയ്യും. അസുഖം ഭേദമാകും വരെ ഇത് തുടരും.