വയനാട്: വൈത്തിരിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. വൈത്തിരിയിലെ 'ബാംബു' ഹോട്ടൽ ഒരാഴ്ചത്തേക്ക് അടപ്പിച്ചു.

പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് കുടുംബം ഭക്ഷണംകഴിച്ച 'ബാംബു' ഹോട്ടൽ ഒരാഴ്ചത്തേക്ക് അടപ്പിച്ചത്. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്. ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്നും വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു. വൈത്തിരിയിലെ മറ്റു റസ്റ്റോറന്റുകളിലും പരിശോധന നടന്നു.

കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ആരാധ്യ കോഴിക്കോട് സ്വകാര്യമെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.