തിരുവനന്തപുരം: അമ്മയെ വീടിനുള്ളിൽ ആക്കി മകൻ വീട് കത്തിച്ചു. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്ലാക്കീഴ് കുന്നു മുകളിൽ ചെമ്പൻ വിനു എന്ന് വിളിക്കുന്ന ബിനു 42 വയസ്സാണ് മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിച്ചത്.

രണ്ടുദിവസം മുന്നേ അമ്മയെ വിളിച്ചുവരുത്തി തലയിൽ കൂടി ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികൾക്ക് ആകെ ശല്യമായി മാറുകയാണ് ബിനു. പ്രദേശത്തെ വീടുകളിലെ ബൾബുകളും, ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ ആരെയും തെറി പറയും വേണമെങ്കിൽ മർദ്ദിക്കുകയും ചെയ്യും. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു വീടിന് തീയിട്ടത്.

ഒറ്റ നില വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചു. പല സമയത്തും ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ജയിലിലും കിടന്നിട്ടുണ്ട്. വീട് കത്തി പുക പടന്നതോടെ പ്രദേശവാസികൾ ഓടി കൂടി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു.

വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചു കെട്ടി ലഹരി വിമോചന ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി.