കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസിൽദാരുടെ നേതൃത്വത്തിൽ കൈക്കൂലി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ കർശന നടപടി. റവന്യൂ മന്ത്രി ഇടപെട്ടതോടെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് പേരെ സസ്‌പെന്റ് ചെയ്തു. താലൂക്ക് തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലി നോക്കുന്ന മനോജിനെ പിരിച്ചുവിടാനും തീരുമാനിച്ചു.

ക്വാറി, മണ്ണ് മാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. ഇഷ്ടിക കമ്പനി തുടങ്ങാൻ അനുമതി തേടിയ കുളക്കട സ്വദേശിയിൽ നിന്ന് സംഘം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് റവന്യൂ മന്ത്രിക്ക് വേറെയും പരാതി ലഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പാറ ക്വാറി വാങ്ങാൻ വന്ന ഏജന്റ് എന്ന വ്യാജേന റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഇവിടെയെത്തി. ഇദ്ദേഹത്തോട് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ക്വാറി പ്രവർത്തനം തുടങ്ങിയാൽ മാസം തോറും രണ്ട് ലക്ഷം രൂപ തഹസീൽദാർക്ക് നൽകണമെന്നും സ്ഥിരം ഡ്രൈവർ മനോജ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കൂട്ട നടപടി

കരാർ വ്യവസ്ഥയിൽ എടുത്ത മനോജിന്റെ വാഹനം അടിയന്തിരമായി വിടുതൽ ചെയ്യാനും ഉത്തരവിട്ടു. വകുപ്പിനെ അഴിമതി മുക്തമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്ക് തന്നെ പരാതി നൽകാം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്തില്ല. പരാതിയിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.