കണ്ണൂർ: മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന പ്രാധാനമന്ത്രിയുടെ പരാമർശം രാഷ്ട്ര പിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.

നിരവധി സമരങ്ങൾ നടത്തി ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് നടന്ന് നീങ്ങിയ ഗാന്ധി, സ്വാതന്ത്ര്യ സമരത്തിനെ ജനകീയവൽക്കരിച്ചതിൽ നിർണായക പങ്ക് വഹിച്ച നേതാവാണെന്നും അഹിംസയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കിയ ധിഷണാശാലിയായ പോരാളിയാണെന്നും ജനഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു എം സി അതുൽ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെയടക്കം കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ, ഗാന്ധിയെ ജനങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന ആത്മകഥ തപാൽ വഴി അയക്കുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ സ്വാഗതം പറഞ്ഞു.രാഗേഷ് ബാലൻ, അർജുൻ കോറോം, അനഘ രവീന്ദ്രൻ, റയീസ് തില്ലങ്കേരി,അലേഖ് കാടാച്ചിറ,സുഫൈൽ സുബൈർ,വൈഷ്ണവ് ടി ടി,ആദർശ് പി വി,റിസ്വാൻ സി എച്ച്, ശ്രീരാഗ് ടി പി, വൈഷ്ണവ് കായലോട് എന്നിവർ സംസാരിച്ചു.

കണ്ണൂർ ഡി.സി.സി ഓഫീസിൽ നിന്നും വെള്ളിയാഴ്‌ച്ച പകൽ പന്ത്രണ്ടു മണിക്ക് പ്രതിഷേധമാർച്ചായാണ് കെ. എസ്. യു പ്രവർത്തകർ പ്രസ് ക്ളബ് ജങ്ഷനിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിയത്. പോസ്റ്റ് ഓഫീസ് കവാടത്തിൽ പൊലിസ് മാർച്ചു തടഞ്ഞു. തുടർന്ന് ഉദ്ഘാടനപരിപാടിക്ക് ശേഷം പൊലിസിന്റെ അനുമതിയോടെ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനുള്ളിലേക്ക് കയറി മഹാത്മഗാന്ധിജയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് സ്പീഡ് പോസ്റ്റായി അയച്ചു നൽകി പ്രതീകാത്മകമായി പ്രതിഷേധിക്കുകയായിരുന്നു.