മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് തീർത്ഥാടനത്തിന് കുറ്റമറ്റ സജ്ജീകരണങ്ങളാണ് ഇത്തവണ നടപ്പാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ള കാബിനറ്റ് അംഗങ്ങൾ നേരിട്ട് എല്ലാവിധ തയ്യാറെടുപ്പുകളും വിലയിരുത്തിയാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ സ്ത്രീകൾ ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിനു പോകുന്നത് ഒരു ചരിത്രമാണന്നും മന്ത്രി പറഞ്ഞു. ഇത്തവണ ഹജ്ജിന് പോകുന്നതിന് 17883 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 7279 പേർ സ്ത്രീകളാണ്. കേരളത്തിന്റെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂരിൽ അടുത്ത ഹജ്ജ് തീർത്ഥാടന കാലത്തോട് യാഥാർത്ഥ്യം ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

യാത്ര രേഖകളുടെ വിതരണോദ്ഘാടനവും മന്ത്രി വേദിയിൽ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ പിടിഎ റഹിം എം എൽ എ ഹജ്ജ് സന്ദേശം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ കോർപറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ , മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, സംഘാടക സമിതി കൺവീനർ പി പി മുഹമ്മദ് റാഫി, കിയാൽ എം ഡി ദിനേശ് കുമാർ, മുൻ എം എൽ എ എം വി ജയരാജൻ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു.

ശനിയാഴ്ച പുലർച്ചെയുള്ള ആദ്യ വിമാനത്തിൽ 361 തീർത്ഥാടകരാണ് യാത്ര ചെയ്യുന്നത്. തീർത്ഥാടകർ വെള്ളിയാഴ്ച രാവിലെ മുതൽ ക്യാമ്പിൽ എത്തിച്ചേർന്നിരുന്നു. കണ്ണൂരിൽ നിന്ന് 3164 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്.
കണ്ണൂർ വിമാനത്താവളത്തിന്റെ എംബാർക്കേഷൻ പോയിന്റിൽ നിന്നും ജൂൺ ഒന്ന് മുതൽ 10 വരെ ഒമ്പത് ഫ്‌ളൈറ്റ് സർവീസുകൾ മുഖേനഹജ്ജ്തീർത്ഥാടകരെ കൊണ്ടുപോകും. സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.

വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഹാജിമാർക്ക് റിപ്പോർട്ട് ചെയ്യുവാനും ലഗേജ് സ്വീകരിക്കാനും പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിൽ നിന്നും വിമാനത്താവളത്തിലേക്കും വിമാനത്താവളത്തിൽ നിന്നും ക്യാമ്പിലേക്കും എത്തിക്കുന്നതിന് പ്രത്യേകം വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഭക്ഷണ ഹാൾ, നിസ്‌കാര ഹാൾ, താമസ സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവന സംവിധാനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പ്രത്യേക സെല്ലും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലേക്ക് ആവശ്യമായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും ആവശ്യത്തിനു മരുന്നും ഉറപ്പാക്കിയിട്ടുണ്ട്. അലോപ്പതി, ആയൂർവേദം, ഹോമിയോ മെഡിക്കൽ കൗണ്ടറുകൾ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ഡസ്‌ക്ക് ഫോൺ നമ്പർ 9495868966.