തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിന് സെക്രട്ടേറിയറ്റ് സൂപ്രണ്ടായിരുന്ന ഭാര്യ നിർമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കുടപ്പനക്കുന്നു ദർശൻ നഗറിൽ ഐശ്വര്യ വീട്ടിൽ മോഹൻദാസിനെയാണു (65) ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. മക്കളായ കൃഷ്ണദാസ്, വിഷ്ണുദാസ് എന്നിവർക്കു പണം നഷ്ടപരിഹാരമായി നൽകാനും ഏഴാം അഡീഷനൽ സെഷൻസ് കോടതി ജില്ലാ നിയമ സഹായ അഥോറിറ്റിക്കു നിർദ്ദേശം നൽകി.

2012 മാർച്ച് 18നാണ് നിർമ്മലയുടെ ജീവനെടുത്ത സംഭവം. മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ ഭാര്യയെ തടിക്കഷ്ണത്തിന് അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മക്കൾ കൊച്ചി സർവകലാശാലയിൽ പഠിക്കുകയായിരുന്നു. ഗൾഫിലായിരുന്ന പ്രതി നാട്ടിൽ വന്ന ശേഷം ജോലിക്കു പോകാതെ മദ്യപിക്കുന്നതിനും ചെലവുകൾക്കും സ്ഥിരമായി പണം ചോദിച്ചു വാങ്ങിയിരുന്നു.

സംഭവ ദിവസവും ഇയാൾ നിർമ്മലയോട് പണം ചോദിച്ചു. എന്നാൽ മദ്യപിക്കാൻ പണം നൽകാൻ നിർമ്മല തയ്യാറായില്ല. തുടർന്നാണ് തടി കൊണ്ട് അടിച്ചു കൊന്നത്. തുടർന്ന് മക്കളെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി, അഭിഭാഷകരായ ഷെഹനാസ്, അഭിജിത്ത് എന്നിവർ ഹാജരായി.