മൂന്നാർ: ഇടമലക്കുടിയിൽ ഹൃദ്രോഗം പിടിപെട്ട സ്ത്രീയെ വാഹനത്തിൽ എത്തിക്കുന്നതിനായി ചുമന്നത് പത്ത് കിലോമീറ്റർ. പരപ്പയാർകുടി സ്വദേശി ചടയന്റെ ഭാര്യ ചിലമ്പായിയെയാണ് (64) ചികിത്സിക്കാനായി കാട്ടുവഴിയിലൂടെ ചുമന്ന് കേപ്പക്കാട് എത്തിച്ചത്. തുടർന്ന് ഇവിടെ നിന്നും ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കുടിക്കാരാണ് രോഗിയെ ചുമക്കാൻ കൂടിയത്. കേപ്പക്കാടുനിന്നും ജീപ്പിൽ അഞ്ചുകിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിൽ എത്തിച്ചു. ഇവിടെനിന്നാണ് രോഗിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ 7.30-ന് ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടിക്കാർ ചിലമ്പായിയെയും ചുമന്ന് യാത്ര ആരംഭിച്ചത്. വലിയ മരക്കമ്പിൽ തുണിമഞ്ചൽ കെട്ടിയാണ് രോഗിയെ ചുമന്നത്. പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ പരപ്പയാർ പുഴയിൽ വെള്ളം കുറവായിരുന്നു. പുഴകടന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഘം കേപ്പക്കാട് എത്തിയത്.

ഇവിടെനിന്ന് രോഗിയെ ജീപ്പിൽ അഞ്ച് കിലോമീറ്റർ അകലെ പെട്ടിമുടിയിൽ കാത്തുകിടന്ന ആംബുലൻസിൽ എത്തിച്ചു. പിന്നീട് ചിത്തിരപുരം സി.എച്ച്.സി.യിലും അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഡോ.സഖിൽ രവീന്ദ്രൻ, സുനിൽകുമാർ, മഹേന്ദർ, രഞ്ജിത്ത്, മുഹമ്മദ്, വനംവകുപ്പ് വാച്ചർ മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് രോഗിയെ പെട്ടിമുടിയിൽ എത്തിച്ചത്.