മല്ലപ്പള്ളി: മാവേലിസ്റ്റോറിൽ ക്രമക്കേട് കാണിച്ച മാനേജർക്ക് 12 വർഷം തടവും 8,07,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന ബേബി സൗമ്യയെ ആണ് ശിക്ഷിച്ചത്. 2007-2008-ൽ മാവേലിസ്റ്റോറിൽ 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയതിന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് എടുത്ത കേസിലാണ് ശിക്ഷ.

പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്‌പി. വി.വി.അജിത്ത് രജിസ്റ്റർചെയ്ത കേസിൽ, ഡിവൈ.എസ്‌പി.മാരായിരുന്ന വി.വി. അജിത്ത്, ബേബി ചാൾസ്, പി. കെ.ജഗദീഷ്, പി.ഡി. രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.