കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഇതുവരെ 7747 തീർത്ഥാടകർ മക്കയിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 5456 പേരും കൊച്ചിയിൽനിന്ന് 2291 പേരുമാണ് യാത്രയായത്. ഇതിൽ 5292 വനിതകളും 2455 പുരുഷന്മാരുമാണുള്ളത്. കണ്ണൂരിൽ ശനിയാഴ്ച രാവിലെ ഹജ്ജ് സർവീസ് തുടങ്ങും.

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ വെള്ളിയാഴ്ചവരെ 33 ഹജ്ജ് സർവീസുകളാണ് നടത്തിയത്. വെള്ളിയാഴ്ച 166 പേരടങ്ങുന്ന മൂന്നുസംഘങ്ങളായി 498 പേർ ജിദ്ദയിലേക്കു പോയി. ശനിയാഴ്ചയും കരിപ്പൂരിൽനിന്ന് മൂന്ന് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തും.

കണ്ണൂരിൽനിന്ന് ശനിയാഴ്ചത്തെ ആദ്യ സൗദി എയർലൈൻസ് വിമാനത്തിൽ 183 പുരുഷന്മാരും 178 വനിതകളുമുൾപ്പെടെ 361 പേർ പുറപ്പെടും. 3164 തീർത്ഥാടകർക്കായി ഒൻപത് വിമാനങ്ങളാണ് ഇവിടെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.