പത്തനംതിട്ട: എട്ടാം ക്ലാസിൽ പഠിച്ചിരുന്ന പതിന്നാലുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ യുവാവിനെ കോടതി 33 വർഷം കഠിനതടവിനും 2.20 ലക്ഷം പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു.

അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ ചന്തു എന്നു വിളിക്കുന്ന വിധു കൃഷ്ണനെ (31) യാണ് പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം.

എട്ടാം ക്ലാസിൽ പഠിച്ചിരുന്ന അതിജീവിതയെ സ്‌കൂൾ പരിസരങ്ങളിൽ സ്ഥിരമായി പിൻതുടർന്ന് പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിന് പ്രതി ഇരയാക്കുകയായിരുന്നു പിന്നീട് വിവാഹ വാഗ്ദാനം ചെയ്തും പീഡനം തുടർന്നു. ജോലിക്കാരിയായ മാതാവുമൊത്ത് താമസിച്ചു വന്നിരുന്ന പെൺകുട്ടി ഒരു ദിവസം വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ ലൈംഗിക ചൂഷണ വിവരം പുറത്തായത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് അടൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന സുധിലാൽ, യു. ബിജു എന്നിവർ ചേർന്നാണ് പൂർത്തിയാക്കിയത്.