മൂന്നാർ: വട്ടവടയിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം. രണ്ട് കർഷകരുടെ പത്ത് ആടുകളെ കൊന്നുതിന്നു. പഴത്തോട്ടം സ്വദേശികളായ വേളാങ്കണ്ണിദാസിന്റെ ആറും സഹോദരൻ വനത്തയ്യയുടെ നാലുംവീതം ആടുകളെയാണ് കാട്ടുനായ്ക്കൾ കൊന്നുതിന്നത്. വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ മേഞ്ഞിരുന്ന ആടുകളെ ഇരുപത്തഞ്ചോളം കാട്ടുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന വേളാങ്കണ്ണി ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയെങ്കിലും അവയെ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പഴത്തോട്ടം മമ്മൽ ഭാഗത്താണ് ആക്രമണമുണ്ടായത്. കടന്നൽക്കൂട്ടം പോലെ കാട്ടുനായ്ക്കൾ പാഞ്ഞെത്തൂക ആയിരുന്നെന്ന് വേളാങ്കണ്ണി പറഞ്ഞു. നാട്ടുകാരും വനംവകുപ്പ് വാച്ചറും ചേർന്ന് നടത്തിയ തിരച്ചിലിൽ കാടിനുള്ളിൽനിന്ന് ഒരാടിന്റെ ജഡം കിട്ടി. വെറ്ററിനറി ഡോക്ടർ എത്തി ആടിന്റെ പോസ്റ്റുമോർട്ടം നടത്തി. നഷ്ടം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. അതിനുശേഷം നഷ്ടപരിഹാരം ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് വട്ടവട മേഖലയിൽ കാട്ടുനായ്ക്കളുടെ ആക്രമണമുണ്ടാകുന്നത്. ബുധനാഴ്ച ചിലന്തിയാർ സ്വദേശി കനകരാജിന്റെ 42 ആടുകളെ കാട്ടുനായ്ക്കൾ ആക്രമിച്ച് കൊന്നിരുന്നു.