- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാത്രിയായാൽ വണ്ടുകൾ കൂട്ടത്തോടെ എത്തും; താഹിറും കുടുംബവും ഉറങ്ങിയിട്ട് മാസങ്ങൾ
പെർള: മാസങ്ങളായി വണ്ടുകളുടെ ആക്രമണത്തിൽ വിഷമിക്കുകയാണ് ഒരു കുടുംബം. രാത്രിയായാൽ ഈ വീട്ടിലേക്ക് കൂട്ടമായി എത്തുകയാണ് വണ്ടുകൾ. രാത്രിയായാൽ വീടിന്റെ ഭിത്തിയിലും ഭക്ഷണത്തിലും വസ്ത്രങ്ങൾക്കിടയിലും വരെ വണ്ടുകളാണ്. എന്മകജെ പഞ്ചായത്തിലെ താഹിറും കുടുംബവുമാണ് വണ്ടുകളുടെ ആക്രമണത്തിൽ വിഷമിക്കുന്നത്. താഹിറും ഭാര്യ ഖദീജയും ഉറങ്ങിയിട്ട് മാസങ്ങളായി.
എൻഡോസൾഫാൻ ദുരിത ബാധിതയായ മകൾ തസ്രീഫയ്ക്കും അസുഖമുള്ള മകൾ അസ്മത്ത് ത്വയിബയ്ക്കും രാത്രി കൂട്ടിരിക്കുകയാണ് താഹിറും ഭാര്യ ഖദീജയും. കണ്ണൊന്ന് തെറ്റിയാൽ വണ്ടുകൾ (ഓട്ടുറുമ) താഹിറയുടെ ശരീരത്ത് കയറും. ചുമരിൽ നിന്നും മേൽക്കൂരയിൽ നിന്നും താഴേക്ക് ചിതറി വീഴും. വണ്ടുകളുടെ ശല്യം രൂക്ഷമായതോടെ പുലർച്ചവരെ റൂമിൽ ലൈറ്റിട്ട് ഉറങ്ങാതിരിക്കുകയാണ് കുടുംബം. വണ്ടിനെ രാത്രിയും പകലും തുരത്തുന്ന പണിയിൽ ഈ ദമ്പതികൾക്ക് നടുനിവർത്താൻ സമയം കിട്ടിയിട്ടില്ല.
സായി ട്രസ്റ്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വീടുകളിൽ ഒന്നാണിത്. വാടകവീട്ടിൽ നിന്ന് ഇവിടേക്ക് മാറുമ്പോൾ തന്നെ വീടുനിറയെ വണ്ടുകൾ ഉണ്ടായിരുന്നു. ഇവിടെ ട്രസ്റ്റ് നൽകിയ 36 വീടുകളിൽ 33 വീടുകളിലും ആളുകൾ താമസിക്കുന്നുണ്ടെങ്കിലും ആർക്കും ഈ ദുരിതമില്ല. വീടുകളുടെ പട്ടയവും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. 36 വീടുകളിൽ മൂന്ന് വീട്ടുകാർക്ക് വേറെ സ്ഥലമുണ്ടെന്നു കണ്ടെത്തിയതിനാൽ മൂന്ന് വീടുകൾ ബാക്കിയുണ്ട്. കലക്ടർ ഇടപെട്ട് ഇതിലൊന്നിലേക്കു മാറ്റിയാൽ ഈ ദുരിതം തീരുമെന്നാണ് വീട്ടുകാർ പറയുന്നത്.
സമീപത്തെ വീട്ടുകാരും വണ്ട് ഭയത്താൽ ഈ വീട്ടിലേക്ക് പോകാൻ മടിക്കുകയാണ്. വീടിന് പെയിന്റ് അടിച്ചിട്ടുപോലും വണ്ടുകൾ ഒഴിഞ്ഞുപോകുന്നില്ല. റബർ തോട്ടത്തിൽ നിന്നാണ് ഇവയുടെ വരവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ മറ്റ് വീടുകളിൽ ശല്യമില്ല താനും. രാത്രിയിലെത്തുന്ന വണ്ടുകൾ വസ്ത്രത്തിലും മുറികളിലാകെയും അടുക്കളയിലും കയറുന്നു. അടച്ചുറപ്പുള്ള വീട് കിട്ടിയിട്ടും ഒരു രാത്രിപോലും ഈ കുടുംബത്തിന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.