പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്കു വർധിപ്പിക്കും. കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. നേരത്തെയും ടോൾ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോൾ ഇത് 165 രൂപയാകും. നേരത്തെ ഇത് 160 രൂപയായിരുന്നു. ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്കു വർധിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞടുപ്പു കാലത്തു വർധന വേണ്ടെന്നു ദേശീയപാത അഥോറിറ്റി ഉത്തരവിടുകയായിരുന്നു. തുടർന്നു നീട്ടിവച്ച വർധനയാണ് ഇന്നു മുതൽ നടപ്പാക്കുക.

മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങൾ എന്നിവയ്ക്ക് 170 രൂപയാണ് (വൺസൈഡ്) പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേർക്കുമ്പോൾ നിരക്ക് കൂടും. 250ൽ നിന്ന് 255 രൂപയായാണ് വർധിപ്പിച്ചത്. ബസ്, ട്രക്ക് ( രണ്ട് ആക്സിൽ) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക് (340 പഴയനിരക്ക്). മടക്കയാത്ര കൂടി ചേരുമ്പോൾ നിരക്ക് 510ൽ നിന്ന് 520 രൂപയായി ഉയരും. വലിയ വാഹനങ്ങൾക്ക് ( 36 ആക്സിൽ) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ൽ നിന്നാണ് ടോൾ നിരക്ക് ഉയർത്തിയത്. ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നൽകണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോൾ 1000 രൂപയായി നിരക്ക് ഉയരും (1025 പഴയനിരക്ക്)

2022 മാർച്ച് 9 മുതലാണു പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ നിർമ്മാണം നടക്കുന്നതിനാൽ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങൾ കടത്തിവിടുന്നത്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവു നൽകണമെന്ന ആവശ്യം ശക്തമാണ്.