- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടിൽ കുടുങ്ങിയ 6 പേരെ രക്ഷപ്പെടുത്തി
മംഗലം ഡാം: കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ പോയ ആറ് യുവാക്കൾ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനെ തുടർന്ന് കാട്ടിൽ കുടുങ്ങി. ഇവുട കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ അഗ്നിരക്ഷാ സേനയുടെയും വനംവകുപ്പിന്റെയും സഹായത്തോടെ ഏറെ നേരങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടർന്ന് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തോട് കടക്കാൻ കഴിയാതെ വന്നതോടെ യുവാക്കൾ തോടിനക്കരെ കാട്ടിൽ കുടുങ്ങുകയായിരുന്നു.
വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ അൻസിൽ (17), മുഹമ്മദ് ഹാഷിം (19), മുഹമ്മദ് നാസിം (18), മുഹമ്മദ് ഹാഷിം (18), മുഹമ്മദ് ആഷിഖ് (17), ഷാഹിദ് (17) എന്നിവരാണു കാട്ടിലകപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ ഇവർ തോടിന്റെ അപ്പുറത്തെ കുന്നിലെത്തുകയായിരുന്നു. പെട്ടെന്നാണു മഴ തുടങ്ങിയത്. ഇതോടെ തോട്ടിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് ഇവർ കാട്ടിൽ കുടുങ്ങുകയായിരുന്നു.
വടക്കഞ്ചേരിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും മംഗലംഡാം പൊലീസും മംഗലംഡാം വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണു നാട്ടുകാരുടെ സഹായത്തോടെ യുവാക്കളെ രക്ഷപ്പെടുത്തിയത്. വൈകീട്ട് ആറ് മണിയോടെ തളികക്കല്ല് കോളനിയിലേക്കു പോകുകയായിരുന്ന രാജപ്രിയൻ (മാണിക്യൻ) അസമയത്ത് തോടിന്റെ അരികിൽ ബൈക്കുകൾ കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അപ്പുറത്തെ കുന്നിൽ നിന്നു നിലവിളി കേട്ടത്. ഉടനെ നാട്ടുകാരെയും മംഗലംഡാം പൊലീസിലും വിവരം അറിയിച്ചു.
ഏഴരയോടെ സ്ഥലത്തെത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂർ കൊണ്ടാണ് യുവാക്കളെ ഇക്കരെ എത്തിച്ചത്. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. തോട് കരകവിഞ്ഞൊഴുകിയതോടെ കടപ്പാറയിലെ കടകളിലും മറ്റും വെള്ളം കയറി.