പത്തനംതിട്ട: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ജല അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ടു മൂടിയ ഭാഗത്തു താഴ്ന്നു. രോഗിയെ ആംബുലൻസിൽ നിന്നു പുറത്തിറക്കി ബന്ധുക്കളുടെ പരിചരണത്തിൽ പാതയോരത്ത് സ്‌ട്രെച്ചറിൽ കിടത്തി. പിന്നീട് പിക്കപ് വാൻ എത്തിച്ച് ആംബുലൻസ് റോഡിലേക്കു വലിച്ചുകയറ്റി ശേഷമാണ് രോഗിയുമായി യാത്ര തുടർന്നത്.

ഇന്നലെ വൈകിട്ട് 4.30നു കണ്ടൻപേരൂർ - കരിയംപ്ലാവ് റോഡിൽ മുളംചുവടിനു സമീപമായിരുന്നു അപകടം. കണ്ടൻപേരൂർ സ്വദേശി മാത്യു ഏബ്രഹാമുമായി (92) വെച്ചൂച്ചിറയിലെ ആശുപത്രിയിലേക്കു പോയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ ഇടതുവശത്തെ മുൻ ചക്രങ്ങൾ പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ ഭാഗത്തു പുതഞ്ഞു പോകുകയായിരുന്നു.