തിരുവനന്തപുരം: മകന് സ്‌കൂൾ ഷൂസ് വാങ്ങാൻ സ്‌കൂട്ടറിൽ പോകുന്നതിനിടെ, അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മണക്കാട് പുതുനഗർ സെന്തിൽ നിവാസിൽ എസ്.ടി.നിഷ (35) ആണ് മരിച്ചത്. തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതിനാൽ മകന് സ്‌കൂൾ ഷൂസ് വാങ്ങാൻ പോകുമ്പോഴാണ് അപകടം.

അപകട സമയത്ത് നിഷയ്ക്ക് ഒപ്പമുണ്ടായിരുന്ന മകൻ സരസ്വതി വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹിഷ്ണു, നിഷയുടെ ഭർത്താവിന്റെ അനുജന്റെ ഭാര്യ വിനീത, വിനീതയുടെ മകൻ അക്ഷിത് (ഒന്ന്) എന്നിവർക്ക് പരുക്കേറ്റു. സഹിഷ്ണുവിന് ഷൂസ് വാങ്ങാൻ പോകുന്നതിടെയാണ് അപകടം. ശനി വൈകിട്ട് 5ന് പുളിമൂട് ജംക്ഷനു സമീപമായിരുന്നു അപകടമുണ്ടായത്. വിനീതയാണ് സ്‌കൂട്ടർ ഓടിച്ചത്.

അമിത വേഗത്തിലെത്തിയ ബസ് പിന്നിലിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീണു. നിഷയെ കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. അപകടത്തിൽപെട്ട സ്‌കൂട്ടർ മറ്റൊരു സ്‌കൂട്ടറിലേക്കും ഇടിച്ചു കയറി. ഈ സ്‌കൂട്ടറിലെ യാത്രക്കാരി മായയ്ക്കും പരിക്കേറ്റു. പരുക്കേറ്റവരെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഷ മരിച്ചു.

ബസ് ഡ്രൈവർ കണ്ണന് എതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിഷയുടെ സംസ്‌കാരം നടത്തി. തിരുകുറ്റാലംപിള്ളയുടെയും സരസ്വതിയുടെയും മകളാണ്. ഭർത്താവ് സുബ്രഹ്‌മണ്യപിള്ള ദുബായിൽ ഇലക്ട്രീഷ്യനാണ്. ചാലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് നിഷ.