തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും. സ്‌കൂൾപ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 9.30-നാണ് ഉദ്ഘാടനം. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂൾതലത്തിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. സർക്കാർ മേഖലയിൽ 11,19,380, എയ്ഡഡ് മേഖലയിൽ 20,30,091, അൺ എയ്ഡഡ് മേഖലയിൽ 2,99,082 എന്നിങ്ങനെയാണ് ഇക്കുറി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം.

ഈയാഴ്ചയും പ്രവേശനം തുടരും. അഞ്ച്, എട്ട് ക്ലാസുകളിലും പുതുതായി കുട്ടികളെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആറാം പ്രവൃത്തിദിനമായ 10-ന് അന്തിമ കണക്കെടുപ്പ് നടക്കും. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിച്ചതിനാൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ ഉള്ളതാണ് ഈ വർഷത്തെ പുതുമ. ജൂലായ് ഒന്നിന് നാലുവർഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത.

അതേസമയം, എല്ലാം ഒരുങ്ങിയെന്ന് പറയുമ്പോഴും ആശങ്കകൾ ഒരുപാട് ബാക്കിയാണ്. മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോട്ട്‌മെന്റ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അദ്ധ്യാപകർ ത്രിശങ്കുവിലാണ്. അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്‌നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളിൽ പതിനായിരത്തോളം അദ്ധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.