- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടം സ്‌കൂളിൽ പഠിക്കാനെത്തി നൈജീരിയക്കാരൻ എറിക്
തിരുവനന്തപുരം: പട്ടം സ്‌കൂളിൽ പഠിക്കാൻ നൈജീരിയയിൽ നിന്നും ഒരു കുഞ്ഞ് അതിഥി എത്തി. അച്ഛന്റെ മാതൃഭാഷയായ മലയാളം അക്ഷരമാലയും വാക്കുകളും പഠിക്കണമെന്ന ആഗ്രഹവുമായി എറിക് കിച്ചു ഡ്യൂക്ക് എന്ന ആറു വയസ്സുകാരനാണ് പട്ടം സ്‌കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. ഇന്ന് സ്‌കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പും പുസ്തകവുമൊക്കെയായി പുതിയ കൂട്ടുകാരെ കാണാൻ പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം ക്ലാസിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് എറിക്.
അച്ഛന്റെ നാട്ടിൽ എത്തിയെങ്കിലും മലയാളം ഒട്ടുമറിയില്ല എറിക്കിന്. പ്രവേശനം നേടിയത് ഇംഗ്‌ളീഷ് മീഡിയത്തിലായതിനാൽ മകന് അധികം ബുദ്ധിമുട്ട് ഉണ്ടാകിലെന്ന പ്രതീക്ഷയിലാണ് അമ്മ റൂത്ത് ഇക്കിസോവി. എറിക് ജനിച്ചതും ഒരു വയസ്സുവരെ വളർന്നതും അമ്മയുടെ നാടായ നൈജീരിയയിലാണ്. നൈജീരിയയിൽ എൻജിനിയറായ കേശവദാസപുരം പാറോട്ടുകോണം പുഷ്പഗിരിയിൽ ഡ്യൂക്ക് റോമിയോയുടെ മകനാണ് എറിക്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട എറിക്കിന് ആവശ്യമായ പരിചരണം സ്‌കൂളിൽനിന്ന് ലഭിക്കുമെന്നറിഞ്ഞാണ് ഈ സ്‌കൂൾ തിരഞ്ഞെടുത്തതെന്ന് റൂത്ത് പറയുന്നു. നാട്ടിലെത്തിയപ്പോൾ മകൻ ഭിന്നശേഷിക്കാരനാണെന്നു മാതാപിതാക്കൾ തിരിച്ചറിഞ്ഞു. നൈജീരിയയിൽ ഇത്തരം കുട്ടികൾക്കുള്ള പരിചരണസൗകര്യം കുറവായതിനാലാണ് അമ്മയും മകനും തിരുവനന്തപുരത്ത് തുടരാൻ തീരുമാനിച്ചത്.
അഞ്ചുവർഷമായി റൂത്തും എറിക്കും കേരളത്തിലെത്തിയിട്ട്. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. എറിക്കിന്റെ ഇരട്ടസഹോദരങ്ങളായ ഇവാനും റയാനും ജനിച്ചത് തിരുവനന്തപുരത്താണ്. അതിനാൽ അവർക്ക് ഇന്ത്യൻ പൗരത്വമാണ്. ദി സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജുക്കഷൻ(കേഡർ) ഉൾപ്പെടെ പല സ്ഥാപനങ്ങളിലും എറിക് ശിക്ഷണംതേടി.
സാധാരണ കുട്ടികൾക്കൊപ്പം മകനെ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പട്ടം സ്‌കൂളിൽ ചേർത്തത്. ഒന്നാംക്ലാസ് മുതൽ സ്‌പെഷ്യൽ എജുക്കേറ്ററുടെ സേവനം ഇവിടെ ലഭിക്കും. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമാകും പഠനം. ശാരീരിക, ബൗദ്ധികവ്യായാമത്തിനായി പ്രത്യേക പരിശീലനവും ഇവർക്ക് ലഭ്യമാക്കുമെന്ന് പ്രഥമാധ്യാപിക ഡി.എൽ.ജ്യോതി പറഞ്ഞു.