കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടർച്ചയായി ഇടപെട്ടിട്ടും നടപടികൾ കാര്യക്ഷമമാവുന്നില്ലെന്നം ഹൈക്കോടതി പരാമർശിച്ചു. വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതേസമയം, ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

കാനകളുടെ ശുചീകരണത്തിൽ പലവട്ടം പലകാര്യങ്ങളും പറഞ്ഞുമടുത്തുവെന്ന് കോടതി പറഞ്ഞു. കുറച്ചുനേരം മഴപെയ്താൽ തന്നെ വലിയ ദുരിതമാണ്. കോടതി തുടർച്ചയായി ഇടപെട്ടിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീഴ്ചകൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു കാരണമായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മഴക്കാലത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കാനകളിൽ മാലിന്യം തള്ളുന്നത് വലിയ പ്രശ്നമാണെന്നാണ് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതിരെ മിന്നൽ പരിശോധനയടക്കം നടത്തുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.