പത്തനംതിട്ട: യുഎസിൽ കാറപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. ഇലന്തൂർ നെല്ലിക്കാല തോളൂർ വീട്ടിൽ സോണി സ്‌കറിയയുടെ മകൻ ഷിബിൻ സോണി(17)യാണു മരിച്ചത്. ഫിലാഡൽഫിയയിൽ വച്ചാണ് അപകടം ഉണ്ടായത്. വെള്ളി രാത്രി ഷിബിൻ സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്കു പോയപ്പോഴാണ് അപകടം.

ഫിലഡൽഫിയയിൽ ഹോംസ്‌ബെർഗ് സെക്ഷനിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. ഷിബിൻ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചു. ഇതോടെ നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിൽ പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തിനു കാരണമായ വാഹനം നിർത്താതെ പോയി. പൊലീസ് അന്വേഷണം തുടങ്ങി.

ഷിബിന്റെ അച്ഛൻ സോണി സ്‌കറിയ മുൻപ് ഇലന്തൂർ കേന്ദ്രീകരിച്ച് സോണി ട്രാവൽസ് എന്ന ബസ് സർവീസ് നടത്തിയിരുന്നു. സ്ഥാപനം നിർത്തിയ ശേഷം ഇദ്ദേഹവും കുടുംബവും 10 വർഷം മുൻപാണ് യുഎസിലേക്കു പോയത്. അമ്മ: വടശേരിക്കര മേലേത്ത് ഷീബ. സഹോദരങ്ങൾ: ഷോൺ സോണി, ഷെയിൻ സോണി.