കാസർകോട്: കുഞ്ഞുടുപ്പിട്ട് കുഞ്ഞ് ബാഗിൽ പുസ്തകങ്ങളുമായി കാസർകോട്ടെ ഒരു സ്‌കൂളിൽ ഒന്നാം ക്ലാസിന്റെ പടികയറിയത് എല്ലാം അതിഥി തൊഴിലാളികളുടെ മക്കൾ. എല്ലാവരും ബംഗാൾ സ്വദേശികളാണ്. ഒന്നാം ക്ലാസിലേക്ക് ഈ ആറ് കുരുന്നുകളും എത്തിയതോടെ അദ്ധ്യാപകരം ഹാപ്പി. വലിയപറമ്പ് തയ്യിൽ സൗത്ത് കടപ്പുറം ജിഎൽപി സ്‌കൂളാണ് അതിഥി തൊഴിലാളികളുടെ മക്കളെ കൊണ്ട് നിറഞ്ഞത്. മാത്രമല്ല സ്‌കൂളിന്റെ നിലനിൽപിനു തന്നെ സഹായകമായിരിക്കുകയാണ് ഈ കുട്ടികളുടെ വരവ്.

വലിയപറമ്പ് പഞ്ചായത്തിലെ ഒറ്റപ്പെട്ട കടലോര ഗ്രാമമാണ് തയ്യിൽ സൗത്ത്. പ്രദേശത്തിന്റെ മറുകര ഏഴിമല നാവിക അക്കാദമിയാണ്. ഇവിടത്തെ ഉദ്യോഗസ്ഥരുടെ സഹായികളായ 5 ബംഗാൾ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് സ്‌കൂളിനെ കാത്തത്. മനോജ് തുഡു, സാഗർ തുഡു, ബികാശ് മർദി, സഞ്ജന മുർമു, ഇരട്ടകളായ ബെനശ്രീ ബസ്‌റ, മധുശ്രീ ബസ്‌റ എന്നിവരാണു പ്രവേശനം നേടിയത്. ഇവർക്കാർക്കും മലയാളം വഴങ്ങില്ല.

ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് കായൽകടന്ന് കുട്ടികളെത്തിയത്. അദ്ധ്യാപിക സ്മിത അഭിലാഷ് ഇടപെട്ടാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്. സ്മിതയുടെ വാഹനത്തിലാണ് ഇവരെ ഇന്നലെ സ്‌കൂളിൽനിന്നു തീരത്തെത്തിച്ചു ബോട്ടിൽ കയറ്റിവിട്ടത്.പ്രധാനാധ്യാപകൻ സി.കുമാരന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളെ വരവേറ്റു. ഇവർക്കു സ്‌കൂളിലെത്താൻ സ്ഥിരം സംവിധാനം വേണം. നാലാം ക്ലാസിൽ ഒരാൾ, രണ്ടിൽ 3 പേർ, മൂന്നിൽ 2 പേർ, ഒന്നിൽ 6 പേർ എന്നിങ്ങനെ സ്‌കൂളിലിപ്പോൾ ആകെ 12 കുട്ടികളായി.