കരിപ്പൂർ: കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 4.72 കോടിയുടെ കള്ളക്കടത്ത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 5.73 കിലോഗ്രാം സ്വർണവും 5.20ലക്ഷം രൂപ വിലവരുന്ന സിഗററ്റുമാണ് എയർകസ്റ്റംസ് പിടിച്ചെടുത്തത്. 4.12 കോടി രൂപ വിലവരുന്നതാണ് സ്വർണം. ആറുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സാധനങ്ങൾ പിടികൂടിയത്. നിരവധി യാത്രക്കാരും അറസ്റ്റിലായി.

വിമാനത്താവളത്തിനകത്തുള്ള മാലിന്യപ്പെട്ടിയിൽ സ്വർണ്ണമിശ്രിതരൂപത്തിൽ ഉപേക്ഷിച്ച നിലയിൽ 1.76 കോടി രൂപ വിലയുള്ള 2.45 കി.ഗ്രാം സ്വർണം കണ്ടെടുത്തു. ടെർമിനലിനകത്തെ പ്രവേശനഹാളിൽനിന്ന് 18 ഗ്രാം തൂക്കമുള്ള സ്വർണക്കഷണവും പിടികൂടി. ബഹ്‌റൈനിൽനിന്നെത്തിയ വടകര സ്വദേശിയിൽനിന്നും 53.41 ലക്ഷം രൂപയുടെ 746 ഗ്രാം സ്വർണവും ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശിയിൽനിന്ന് 53.28 ലക്ഷം രൂപയുടെ 40 ഗ്രാം സ്വർണവും പിടിച്ചു.

ദുബായിൽ നിന്നെത്തിയ മലയമ്മ സ്വദേശിയിൽനിന്ന് 28. 73 ലക്ഷം രൂപ വിലവരുന്ന 399 ഗ്രാം സ്വർണവും കണ്ടെടുത്തു. മസ്‌കറ്റിൽ നിന്നെത്തിയ മലപ്പുറം പുല്ലങ്കോട് സ്വദേശിയായ യാത്രക്കാരനിൽനിന്ന് 46.29 ലക്ഷം രൂപ വില വരുന്ന 642 ഗ്രാം സ്വർണവും പിടികൂടി. മിശ്രിതരൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ചും സ്വർണമിശ്രിതം പാദത്തിനടിയിൽ ഒട്ടിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കുവൈത്തിൽനിന്നെത്തിയ താമരശ്ശേരി സ്വദേശിയിൽനിന്ന് 11.54 ലക്ഷം രൂപ വിലയുള്ളതും 160 ഗ്രാം തൂക്കവുമുള്ള സ്വർണച്ചെയിനും കണ്ടെടുത്തു. ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 14.31 ലക്ഷം രൂപയുടെ 199 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ മറ്റൊരു കാസർകോട് സ്വദേശി ശരീരത്തിനകത്തും ബാഗേജിലും ഒളിപ്പിച്ച 11.58 ലക്ഷം രൂപ വിലവരുന്ന 161 ഗ്രാം സ്വർണവും കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച 7. 12 ലക്ഷം രൂപയുടെ 99 ഗ്രാം സ്വർണവും മറ്റൊരു കേസിൽ കണ്ടെടുത്തു.

വിവിധ ബ്രാന്റുകളിലായി 5.2 ലക്ഷം രൂപ വിലവരുന്ന 44000 പാക്കറ്റ് വിദേശസിഗരറ്റും കണ്ടെടുത്തു. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽനിന്നാണ് കസ്റ്റംസ് സിഗരറ്റ് കണ്ടെടുത്തത്.