മൂന്നാർ: ദേശീയപാതയിലൂടെ തലയും ദേഹവും പുറത്തിട്ട് അപകടകരമായരീതിയിൽ കാറോടിച്ച യുവാവിനെതിരേ കേസെടുത്തു. കുഞ്ചിത്തണ്ണി ബൈസൺവാലി സ്വദേശി റിതു കൃഷ്ണനെതിരേയാണ് ഇടുക്കി ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് കേസെടുത്തത്. കാറിലുണ്ടായിരുന്ന യാത്രക്കാരോട് ആർ.ടി.ഒ.യ്ക്ക് മുമ്പിൽ ഹാജരാകാൻ നോട്ടീസും നൽകി.

തിങ്കളാഴ്ച രാവിലെ ദേവികുളം ഗ്യാപ്പ് റോഡിലാണ് സംഭവം. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. അമിതവേഗത്തിൽ തലങ്ങും വിലങ്ങും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു.
ദേശീയപാതയിലൂടെ ഇങ്ങനെ കാറോടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നിൽ യാത്ര ചെയ്തിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് വീഡിയോ പകർത്തിയത്. നിരവധി വളവുകളുള്ള റോഡാണിത്.

റോഡ് വീതികൂട്ടി പുനർനിർമ്മിച്ചതോടെ ചിലർ അമിതവേഗത്തിൽ വാഹനമോടിക്കുന്നുണ്ട്. ജീവൻ പണയം വെച്ചുള്ള ഇത്തരം യാത്രകൾ തടയുന്നതിനായി 24 മണിക്കൂറും ദേശീയപാതയിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.