തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് അശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

'പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും', എന്നാണ് ദിലീപ് കുറിച്ചത്. സുരേഷ് ഗോപിയുടെ ഫോട്ടോയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് താരങ്ങൾ ആശംസയുമായി രംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ, മുക്ത, അനുശ്രീ തുടങ്ങി നിരവധി താരങ്ങളും ആശംസ അറിയിച്ചിരുന്നു.

അഭിനന്ദിക്കാൻ കാട്ടിയ സ്‌നേഹത്തിന് ചങ്കൂറ്റത്തിന് അഭിനന്ദനം, വെറും വിജയമല്ല. അക്കൗണ്ട് തുറപ്പിക്കില്ല എന്ന് വെല്ലുവിളി നടത്തിയവർക്കുള്ള മറുപടി. ഇതാണ് ചരിത്രവിജയം എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് വരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. തൃശൂരിലെ ജനങ്ങൾ പ്രതീക്ഷിച്ച വിജയമായിരുന്നു സുരേഷ് ?ഗോപിയുടേത്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. വിജയം ഉറപ്പിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രജാ ദൈവങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സുരേഷ് ഗേപി നന്ദിയും അറിയിച്ചിരുന്നു. തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വർഗീയ പ്രചാരണവും താൻ നടത്തിയിട്ടില്ല. പാർട്ടിയുടെ നല്ല അനുസരണയുള്ള പ്രവർത്തകനും എംപിയും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഡ്വ. വി എസ് സുനിൽ കുമാറിന് 3,37,652 വേട്ടുകൾ നേടിയപ്പോൾ 3,28,124 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ ശക്തനായ മത്സരാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്റെ പരാജയം പൂർണ്ണമാക്കി എന്ന് വേണം വിലയിരുത്താൻ. മുരളീധരന്റെ നഷ്ടം വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2019 -ൽ കോൺഗ്രസിന് വേണ്ടി 4,15,089 വേട്ടുകൾ നേടി തൃശ്ശൂർ പിടിച്ച ടി എൻ പ്രതാപൻ, 2024 -ലെ കോൺഗ്രസ് പരാജയത്തിന് മറുപടി പറയേണ്ടിവരുമെന്നതാണ് അവസ്ഥ. 2019 ൽ മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളായിരുന്നു.

ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുൺ വർമയാണ്. വരാഹം ആണ് താരത്തിന്റേതായി ഒരുങ്ങുന്നത്. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 257മത് ചിത്രം കൂടിയാണ്.