- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരം നാലാം വട്ടവും ശശി തരൂരിന് സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം വട്ടവും വിജയം കൊയ്ത് ശശി തരൂർ. ഇന്നലെ വോട്ടെണ്ണും വരെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ശശി തരൂരും അനുയായികളും ഉണ്ടായിരുന്നത്. എന്നാൽ വോട്ടെണ്ണി തുടങ്ങിയതു മുതൽ തരൂർ വിയർത്തു തുടങ്ങി. ആദ്യ ഘട്ടത്തലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കുതിപ്പ് തന്നെ ആയിരുന്നു അദ്ദേഹത്തെ ത്രിശങ്കുവിൽ നിർത്തിയത്. ഇതോടെ 'വിയർപ്പൊഴുക്കാതെ ജയിക്കും' എന്ന് വോട്ടെണ്ണൽ തലേന്നു വരെ ആത്മവിശ്വാസം പ്രകടിപ്പിച്ച തരൂർ നന്നെ വിയർത്തു.
വോട്ടെണ്ണി തുടങ്ങിയപ്പോൾ ആദ്യം പുറത്തുവന്നതു തരൂരിന്റെ ലീഡ് ആയിരുന്നു, 19 വോട്ട്. എന്നാൽ നിമിഷങ്ങൾക്കകം എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. വോട്ടെണ്ണൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തരൂർ 2230 വോട്ടിന്റെ ലീഡ് പിടിച്ചു. വീണ്ടും രാജീവ് ചന്ദ്രശേഖറിന്റെ കുതിപ്പ്. പിന്നീട് മണിക്കൂറുകളോളം തരൂരിന് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ ഒന്നര മണിക്കൂർ എത്തിയപ്പോൾ പിടിച്ച ലീഡ് ക്രമാനുഗതമായി ഉയർത്തി പന്ത്രണ്ടരയോടെ 24000 കടത്തി. ഇതോടെ യുഡിഎഫ് പ്രവർത്തകർ ആശങ്കയിലായി.
എന്നാൽ പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് മെല്ലെ കുറഞ്ഞു തുടങ്ങി. ഉച്ചയ്ക്കു കൃത്യം 1.23ന് ആദ്യമായി തരൂരിനു ലീഡ്. 192 വോട്ട്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ കുതിപ്പ് 16077 വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയാണു നിന്നത്. 2009ലും 2019ലും വൻ ഭൂരിപക്ഷത്തിനു ജയിച്ച തരൂർ ആ രണ്ടു തിരഞ്ഞെടുപ്പിലും എല്ലാ ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാൽ 2014ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച് 15470 വോട്ടിനു മാത്രം വിജയിച്ച ഘട്ടത്തിലും ഇതേ പിരിമുറുക്കം തരൂർ അനുഭവിച്ചിരുന്നു. സമാനമായ അനുഭവമാണ് ഇന്നലെയും ഉണ്ടായത്.