കൊല്ലം: കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ യു.ഡി.എഫ്. പ്രവർത്തകർക്ക് സിപിഎം. പ്രവർത്തകരുടെ മർദ്ദനമേറ്റു. സംഭവത്തിൽ മൂന്ന് സിപിഎം. പ്രവർത്തകർ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടയാൻ ശ്രമിച്ച പൊലീസുകാരേയും കൈയേറ്റംചെയ്യാൻ ശ്രമിച്ചു.

കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സിപിഎം. പ്രവർത്തകർ എതിർത്തതോടെ തർക്കമായി. ഇതേക്കുറിച്ച് പൊലീസിൽ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ സിപിഎം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

സിപിഎം. ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. മരക്കമ്പും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മർദനം. മൂന്നുപേർക്കാണ് മർദനത്തിൽ പരിക്കേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അസഭ്യവർഷത്തോടെയായിരുന്നു പൊലീസ് സ്റ്റേഷൻ വളപ്പിലെ മർദനം.

സിപിഎം. ബ്രാഞ്ച് സെക്രട്ടറി സജീർ, പ്രവർത്തകരായ വൈശാഖ്, സഫീർ എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ. പ്രവർത്തകരായ അക്ഷയ് മോഹൻ, സച്ചിൻ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.