ചെറുതോണി: ഭാര്യ വീട്ടിലെത്തി വഴക്കുണ്ടാക്കിയ ശേഷം ഭാര്യാമാതാവിന്റെയും ഭാര്യാസഹോദരന്റെ കുഞ്ഞിന്റെയും ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തി യുവാവ്. പൈനാവ് 56 കോളനി കൊച്ചുമലയിൽ അന്നക്കുട്ടി (62), മകൻ ലിൻസിന്റെ രണ്ടര വയസ്സുള്ള മകൾ ലിയ എന്നിവർക്കാണു പൊള്ളലേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു സംഭവം.

അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് (46) ആണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇരുവരേയും ആക്രമിച്ച ശേഷം ഇയാൾ കടന്നു കളഞ്ഞു. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. സന്തോഷിന്റെ ഭാര്യയും അന്നക്കുട്ടിയുടെ മകളുമായ പ്രിൻസി ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാൻ സന്തോഷിനു താൽപര്യമില്ലായിരുന്നു.

ഇന്നലെ ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചു. വീട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കത്തിനൊടുവിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് അന്നക്കുട്ടിയുടെ ബന്ധുക്കൾ വൈകിട്ട് അഞ്ചോടെ കാറിൽ ചെറുതോണിയിലെത്തി സന്തോഷിന്റെ സഹോദരൻ സുഗതൻ ടൗണിൽ നടത്തുന്ന ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. പാകം ചെയ്തു വച്ചിരുന്ന ആഹാരസാധനങ്ങൾ നശിപ്പിച്ചു.