തിരുവനന്തപുരം: സംസ്ഥാനതീരക്കടലിൽ ജൂൺ 10 മുതൽ ജൂലായ് 31 വരെ ട്രോളിങ് നിരോധനം. ജൂൺ ഒമ്പതിന് അർധരാത്രിമുതൽ ജൂലായ് 31 അർധരാത്രിവരെ ട്രോളിങ് ബോട്ടുകൾ നിരോധിച്ച് വിജ്ഞാപനം ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാലയളവിൽ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും.

ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാൻ കളക്ടർമാർ നിർദ്ദേശം നൽകും. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകൾ കടലിൽനിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും.

നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകളും പ്രവർത്തിക്കും.