- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആധാർ വിവരങ്ങൾ ജൂൺ 14വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം
ആധാർ വിവരങ്ങൾ ജൂൺ 14വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതിനു ശേഷം ഫീസ് ഈടാക്കി തുടങ്ങും. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാർ പുതുക്കേണ്ടത്. നവജാതശിശുക്കൾക്കും ആധാർ എന്റോൾമെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്റോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി.
ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എന്റോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (ഡകഉഅക) നിർദേശിച്ചിട്ടുണ്ട്. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്ഡേറ്റ് ചെയ്യാം.
കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം.
അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 നൽകി ചെയ്യാം. 2024 ജൂൺ 14 ന് ശേഷം ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓൺലൈൻ അപ്ഡേറ്റുകൾക്ക് 25 രൂപയും ഓഫ്ലൈൻ അപ്ഡേറ്റുകൾക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.
ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
MyAadhaar' മെനുവിൽ നിന്ന് 'അപ്‌ഡേറ്റ് യുവർ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് 'അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകൽപ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.
പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി ക്യാപ്ച നൽകുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക
ഒടിപി നൽകിയ ശേഷം വീണ്ടും 'അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
വിലാസം മാറ്റുന്നതിന് 'അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
പുതിയ വിലാസ വിവരങ്ങൾ നൽകുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകൾ അപ്ലോഡ് ചെയ്യുക
നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാൻ ചെയ്ത പകർപ്പായി അപ്ലോഡ് ചെയ്യണം. നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക
തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം