കൊല്ലം: കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിയായ മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആന്റിയ (16) ആണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കൽ കോളേജിൽ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്മി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കരണം മറിഞ്ഞു.

മറിഞ്ഞ കാറിനടയിൽപ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ആന്റിയ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. ആന്റിയയ്ക്ക് ആൻഡ്രിറ്റ, ആൻസൺ എന്നീ രണ്ട് സഹോദരങ്ങളാണുള്ളത്.