കൊണ്ടോട്ടി: ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽനിന്ന് 14,365 തീർത്ഥാടകർ മക്കയിലെത്തി. കരിപ്പൂരിൽനിന്ന് 56 വിമാനങ്ങളിലായി 9,210 പേരും കൊച്ചിയിൽനിന്ന് 13 വിമാനങ്ങളിലായി 3,712 പേരും കണ്ണൂരിൽനിന്ന് നാല് വിമാനങ്ങളിലായി 1,443 പേരുമാണ് യാത്രയായത്. ഇവരിൽ 5,519 പേർ പുരുഷന്മാരും 8,846 പേർ വനിതകളുമാണ്. ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് ഞായറാഴ്ച അവസാനിക്കും.

വെള്ളിയാഴ്ചത്തെ വിമാനങ്ങൾ ഉൾപ്പടെ കരിപ്പൂരിൽനിന്ന് എട്ടും കൊച്ചിയിൽനിന്ന് മൂന്നും കണ്ണൂരിൽനിന്ന് അഞ്ചും സർവീസുകളാണ് അവശേഷിക്കുന്നത്. അവസാന ഹജ്ജ് വിമാനം ജൂൺ 10-ന് പുലർച്ചെ 1.55-ന് പുറപ്പെടും. ഈ വിമാനത്തിൽ 361 പേരാണ് യാത്രയാവുക. വ്യാഴാഴ്ച കരിപ്പൂരിൽനിന്ന് അഞ്ച് വിമാനങ്ങളിലായി 803 പേർ പുറപ്പെട്ടു. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഹജ്ജ് കർമത്തിനായി കഴിഞ്ഞദിവസം പുറപ്പെട്ടു.