പുറത്തൂർ: കൈനിക്കരയിലെ ചോലയിൽ മുസ്തഫയുടെ വീടിന്റെ തട്ടിൻ പുറത്ത് കുഞ്ഞുങ്ങൾക്ക് അടയിരുന്ന് മയിൽ. കഴിഞ്ഞ ദിവസാണ് വീടിന്റെ തട്ടിൻപുറത്ത് മയിൽ അടയിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തട്ടിൻപുറത്ത് വിറക് എടുക്കാൻ പോയ മുസ്തഫയുടെ മാതാവ് ആയിഷുമ്മയാണ് പുതിയ അതിഥിയെ കാണുന്നത്. ഓലക്കെട്ടിനുമുകളിൽ മുട്ടയിട്ട് അടയിരിക്കുന്ന മയിലിനെക്കണ്ട് ആദ്യം അവർ അമ്പരന്നു. പിന്നീടാണ് അടയിരിക്കുകയാണെന്ന് അവർക്ക് മനസ്സിലായത്.

മയിലമ്മയെ ആട്ടിപ്പറഞ്ഞയയ്ക്കാതെ താഴെവന്ന് ബാക്കിയുള്ളവരെയും വിവരം അറിയിച്ചു. ഇപ്പോൾ മയിലമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ എപ്പോഴും കണ്ണുംനട്ടിരിപ്പാണ് വീട്ടിലുള്ളവരെല്ലാം. ഉച്ചസമയത്ത് ഗോതമ്പും മത്സ്യ അവശിഷ്ടങ്ങളും മയിലിന് തീറ്റയായി നൽകുന്നുണ്ട്. ആ സമയത്ത് ഭക്ഷണത്തിനായി മയിൽ താഴെ ഇറങ്ങി വരും.

തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര ചോലയിൽ ഹംസയുടെ മകൻ മുസ്തഫ കുറച്ചുമാസംമുൻപാണ് ഈ പുതിയ വീട്ടിലേക്ക് താമസംമാറിയത്. ഭാര്യ ഹസ്‌നയും മക്കളായ ഹംദാനും ഹയാ ഫാത്തിമയുമൊക്കെയാണ് ഇപ്പോൾ മയിലിന് കാവലിരിക്കുന്നത്. നേരത്തേ മയിൽ പലപ്പോഴും വീട്ടിലും പരിസരത്തും വന്നു പോകാറുണ്ടായിരുന്നെങ്കിലും മുട്ടയിട്ട് അടയിരിക്കുന്നത് ആദ്യമായാണ്.

വന്യജീവി സംരക്ഷണ പട്ടികയിലുൾപ്പെട്ട പക്ഷിയായതിനാൽ മയിലിനെ പിടിച്ചുവെക്കാനോ വളർത്താനോ പാടില്ല. മയിൽ മുട്ടയിട്ട് അടയിരിക്കുന്ന വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സാധാരണയായി 28 മുതൽ 32 ദിവസം വരെയാണ് മയിൽ അടയിരിക്കുന്ന സമയം. അത് കഴിഞ്ഞാൽ കുഞ്ഞുങ്ങളെയുംകൊണ്ട് നേരത്തേയുള്ള ഭാഗത്തേക്ക് പോകുകയാണ് പതിവ് എന്നാണ് മയിൽനിരീക്ഷകർ പറയുന്നത്.