നെയ്യാറ്റിൻകര: അവണാകുഴിയിൽ അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് നാലു പേർ മരിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവർക്ക് 10 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം, കൃഷ്ണാലയത്തിൽ വിജയകുമാറിനെയാണ്(56) അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. വിജയകുമാർ ഓടിച്ച ജീപ്പ് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയുമായിരുന്നു.

2016 ജൂൺ എട്ടിന് രാത്രി 8.30-ന് അവണാകുഴി കവലയിലായിരുന്നു അപകടം. വിജയകുമാർ ഓടിച്ചിരുന്ന ജീപ്പ് അമിതവേഗത്തിൽ അവണാകുഴിയിലെ ഹമ്പിൽ കയറി നിയന്ത്രണംവിട്ട് എതിരേവന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുക ആയിരുന്നു. ബൈക്കിൽ സഞ്ചരിച്ച കരുംകുളം, കാവുതട്ട് എൽ.എസ്. ഭവനിൽ പാൽക്കച്ചവടക്കാരൻ ശശീന്ദ്രൻ(51), ഓട്ടോറിക്ഷാ ഡ്രൈവർ കണ്ണറവിള, മണ്ണക്കല്ല്, കിണറ്റിൻകരവീട് അലക്‌സ് ഭവനിൽ (യോഹന്നാൻ-48), ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണ്ണറവിള, ഇടത്തേക്കോണം, പൊറ്റവിള പുത്തൻവീട്ടിൽ സരോജം(55), കണ്ണറവിള, ബിബു ഭവനിൽ ബെനഡിക്ട്(സുധാകരൻ-64) എന്നിവരാണ് മരിച്ചത്. വഴിയാത്രക്കാരിയായ അവണാകുഴി സ്വദേശിനി യശോദ(81)യ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വിജയകുമാറിന്റെ പേരിൽ മനഃപൂർവമായ നരഹത്യയ്ക്കാണ് നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ വിജയകുമാറും മൂന്നു സഹപ്രവർത്തകരും സുഹൃത്തിന്റെ കല്യാണത്തിനായി പഴയഉച്ചക്കടയിലെ വീട്ടിൽപോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന സുനിൽകുമാർ, സനൽകുമാർ, അജേന്ദ്രൻ എന്നിവരെയും കേസിൽ പ്രതികളാക്കിയിരുന്നു. എന്നാൽ, ഇവർ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു.

അപകടത്തെത്തുടർന്ന് നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ പിടികൂടി പൊലീസിനു കൈമാറിയത്. വിജയകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ മാസം വിരമിച്ചു. നെയ്യാറ്റിൻകര സിഐ.യായിരുന്ന ജി.സന്തോഷ്‌കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.

ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷയിൽ ഇളവുണ്ടാകണമെന്ന് പ്രതി വിജയകുമാർ കോടതിയോട് അപേക്ഷിച്ചു. മക്കൾ പഠിക്കുകയാണെന്നും ആരോഗ്യ കാരണത്താൽ ഉടനെ ശസ്ത്രക്രിയ നടത്തണമെന്നുള്ളതിനാലും ശിക്ഷായിളവ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് ജയിലിൽ സൗകര്യമൊരുക്കുമെന്ന് കോടതി വ്യക്തമാക്കി.

പിഴയായി ഒന്നേകാൽലക്ഷം രൂപ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽനിന്ന് 25,000 രൂപ വീതം മരിച്ച നാലുപേരുടെയും ആശ്രിതർക്കും 25,000 രൂപ അപകടത്തിൽ പരിക്കേൽക്കുകയും പിന്നീട് മരിച്ചുപോയ യശോധയുടെ ആശ്രിതർക്കും നൽകണമെന്നു കോടതി വിധിച്ചു.